മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവെന്നും വെള്ളിത്തിരയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നു വരികയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.
ത്രീഡിയിലാണ് സിനിമ ഒരുക്കുന്നത്. അതു കൊണ്ടു തന്നെ പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാല്‍ സാര്‍. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതു പോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയില്‍ വന്നിട്ട് കുറെ നാളുകള്‍ ആയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് ഈ സിനിമയെക്കുറിച്ച് കുറച്ചുകൂടി ഗൗരവമായി അദ്ദേഹം കണ്ടതെന്നും ആന്റണി പറയുന്നു.