ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രമേ ഉള്ളൂ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. പതിവു പോലെ ഇത്തവണയും ചിത്രത്തിൽ ആന്റണി പെരുമ്പാവൂരും ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഇത്തവണ ബ്രോ ഡാഡിയിൽ പൊലീസ് വേഷത്തിലാണ് ആന്റണി പെരുമ്പാവൂർ എത്തുന്നത്.
അതേസമയം, താൻ സിനിമയിൽ അഭിനയിക്കുന്നതിന് പിന്നിൽ മോഹൻലാലിന്റെ കരങ്ങളുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. പലപ്പോഴും ചെറിയ രംഗങ്ങളിൽ മുഖം കാണിക്കുന്നത് യാദൃശ്ചികമായാണെന്നും അദ്ദേഹം വ്യക്തമാക്കി. കിലുക്കം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു തുടക്കം. പ്രിയദർശൻ സാറുമായി സെറ്റിൽ സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു. പിന്നീടും അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. അതിനുശേഷം സെറ്റിലിരുന്ന് ലാൽസാർ തന്നെ ചോദിക്കും, ‘ആന്റണിക്ക് വേഷമില്ലേ, ആന്റണി അഭിനയിക്കുന്നില്ലേ’ എന്നൊക്കെ. അങ്ങനെ മറ്റു സിനിമകളിലും മുഖം കാണിച്ചു. ആന്റണിക്ക് വേഷം കൊടുക്കൂവെന്ന് ലാൽസാർ പറയാറുണ്ട്. ആന്റണി സിനിമയിൽ ഉണ്ടെങ്കിൽ ഭാഗ്യമാണെന്ന കമന്റ് താനും കേട്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് അതിൽ വിശ്വാസമില്ലെന്നും ആന്റണി വ്യക്തമാക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നരസിംഹം എന്ന സിനിമയിലൂടെയാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദര്ശന്, ലാലു അലക്സ്, ജഗദീഷ്, സൗബിന് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്.