അജഗജാന്തരം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ടിനു പാപ്പച്ചനും നടൻ ആന്റണി വർഗീസും. സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ പൂർത്തിയായതിനു ശേഷമുള്ള കാത്തിരിപ്പിനെക്കുറിച്ചും ടിനു പാപ്പച്ചനു ആന്റണിയും മനസു തുറന്നത്. ആന്റണിയാണ് ഈ കഥ തന്നിലേക്ക് എത്തിച്ചതെന്നും ലിജോ ചേട്ടൻ ചെയ്യാനിരുന്ന സിനിമയാണ് ഇതെന്നും ടിനു പറഞ്ഞു. ജല്ലിക്കെട്ടിൽ പോത്ത് ആയിരുന്നു കേന്ദ്ര കഥാപാത്രം. അതിനാൽ, വീണ്ടുമൊരു മൃഗം വേണ്ടെന്ന് ലിജോ ചേട്ടൻ തീരുമാനിക്കുകയായിരുന്നു. ആ സമയത്താണ് ആന്റണി ഈ കഥ തന്റെ അടുത്തേക്ക് കൊണ്ടുവന്നത്. കൊട്ടാരക്കര അടുത്ത് നീലേശ്വരം ആണ് തന്റെ സ്ഥലമെന്നും ഒരുപാട് അമ്പലങ്ങൾ ഉള്ള സ്ഥലമാണ് അതെന്നും പൂരങ്ങൾ കണ്ടാണ് ചെറുപ്പത്തിൽ വളർന്നതെന്നും ടിനു പറഞ്ഞു. ഇതിന്റെ കഥ കേട്ടപ്പോൾ വല്ലാതെ ഇന്ററസ്റ്റഡ് ആയിട്ട് തോന്നി. പിന്നീട് അവരോട് അതിൽ തന്നെ കൂടുതൽ വർക് ചെയ്യാൻ പറഞ്ഞു. അങ്ങനെ അത് മുന്നോട്ട് പോയി.
ആനയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ഒരു പാവം ആനയാണ് വന്നതെന്നും ആന്റണിയും ടിനുവും ഒരുമിച്ച് വ്യക്തമാക്കി. ഷൂട്ട് കഴിഞ്ഞപ്പോൾ ആനയ്ക്ക് വിഷമമായിട്ടുണ്ടാകുമെന്നും തങ്ങൾ ആനയെ കാണാൻ പോകുന്നുണ്ടെന്നും ടിനു വ്യക്തമാക്കി. പ്രമോഷനും ആനയെ കൊണ്ടു വരുമെന്നും ടിനു വ്യക്തമാക്കി. സിനിമയിലെ നെയ്ശേരി പാർത്ഥൻ എന്ന ആനയായി എത്തിയത് മരയ്ക്കൽ ഉണ്ണിക്കൃഷ്ണനെന്ന ആന ആയിരുന്നു. എല്ലാ സീനിലും ആനയുണ്ട്.
കോവിഡ് വരുന്നതിനു മുമ്പ് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും ഒരു ഉത്സവത്തിന്റെ ആംപിയൻസ് ആയിരുന്നു ഷൂട്ടിംഗ് എന്നും ആന്റണി വ്യക്തമാക്കി. കോവിഡ് കാലഘട്ടത്തിൽ സിനിമ പരമാവധി നന്നാക്കാനാണ് ശ്രമിച്ചതെന്ന് ടിനു പറഞ്ഞു. ഈ സമയത്ത് ടിനു ചേട്ടൻ എല്ലാവരെയും തെറി വിളിച്ചെന്നും ചുരുളിയുടെ സ്ക്രിപ്റ്റ് ടിനു ആണോന്ന് തനിക്ക് സംശയമുണ്ടെന്നും ആന്റണി വർഗീസ് തമാശരൂപേണ പറഞ്ഞു.