വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ലോക്ക് ഡൗൺ കാലത്ത് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടെ കുഞ്ഞിനെ വളർത്തു എന്ന് പറയുകയാണ് അനു.
താരത്തിന്റെ വാക്കുകൾ:
ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ചേർക്കൂ. പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതറിഞ്ഞൂടാ. എല്ലാം ദൈവഹിതം പോലെ. എന്തായാലും സമയമുണ്ടല്ലോ.
അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നു. അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്. മുസ്ളിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അമ്പലങ്ങളിലുമൊക്കെ ഞാൻ പോകാറുണ്ട്. ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനർജി നമ്മളിലേക്കും പകരും.