അച്ഛന്റെയും അമ്മയുടെയും വിവാഹദിനത്തിൽ അവരുടെ കൈ പിടിച്ച് ആഹ്ലാദത്തോടെ കുഞ്ഞു എയ്ഡൻ. കേരളത്തിലെ വിവാദമായ ദത്ത് വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ദിവസമായിരുന്നു നിയമപരമായി വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പട്ടം റജിസ്റ്റർ ഓഫീസിൽ വെച്ച് ആയിരുന്നു വിവാഹം. അനുപമയുടെയും അജിത്തിന്റെയും മകനായ എയ്ഡൻ അനു അജിത്തും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.
അച്ഛന്റെയും അമ്മയുടെയും വിവാഹശേഷം അവരുടെ കൈയിൽ തൂങ്ങി കടൽത്തീരത്ത് കൂടെ ഉല്ലാസവാനായി നടക്കന്ന എയ്ഡന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസ് കേരള സർക്കാരിനെ പോലും സമ്മർദ്ദത്തിൽ ആക്കിയിരുന്നു. തന്റെ അറിവില്ലാതെ കുട്ടിയെ തന്നിൽ നിന്ന് വേർപ്പെടുത്തി ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകി എന്നായിരുന്നു അനുപമയുടെ പരാതി. അനുപമയുടെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയായിരുന്നു.
താൻ ഗർഭിണി ആയിരുന്നപ്പോൾ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ പല തരത്തിലും ശ്രമിച്ചെന്നും അതെല്ലാം പരാജയപ്പെട്ടിരുന്നെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ കഴിഞ്ഞത്.