അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്പയിൻ റിമാ കല്ലിങ്കൽ നേരത്തെ ആരംഭിച്ചിരുന്നു. അന്ന ബെൻ ഉൾപ്പെടെ നിരവധി യുവതാരങ്ങൾ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിക്ക് അനുപമ പരമേശ്വരൻ നൽകുന്ന മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അനുപമ അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തിൽ ഇത്തരം കമന്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യം. അതിന് അനുപമ പറയുന്നത് ചേട്ടൻ മുണ്ടുടുക്കാറുണ്ടോ എന്ന് തിരിച്ചു ചോദിക്കും എന്നാണ്. ആണുങ്ങൾ മുണ്ടു മടക്കി കുത്തുമ്പോഴും അവരുടെ കാലുകൾ കാണാമല്ലോ എന്നും അതും ഒരുതരം കാൽ പ്രദർശനം അല്ലേ എന്നുമാണ് അനുപമ സൂചിപ്പിക്കുന്നത്.
നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്. മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകനായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു.