ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്. ഇപ്പോൾ ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശർമ.
മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിന്റേതെന്ന് അനുഷ്ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച അനുഷ്ക സംവിധായകൻ മധു സി നാരായണനെയും ടാഗ് ചെയ്തിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തെ പ്രശംസിച്ചുകൊണ്ട് അർജിത് സിംഗ് രംഗത്തുവന്നിരുന്നു. പ്രണയവും സാഹോദര്യവും എല്ലാം വളരെ വ്യക്തമായി അവതരിപ്പിക്കുന്ന കഥയായിരുന്നു കുമ്പളങ്ങി നൈറ്റ്സിൽ ഉണ്ടായിരുന്നത്.