ഓട്ടോ ഡ്രൈവർമാർ ഇന്ത്യൻ ജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭാഗമാണ്. കാര്യം കുറ്റമൊക്കെ പറയുമെങ്കിലും ഏതൊരു ആവശ്യത്തിനും എത്തിച്ചേരുവാൻ അവർക്കാകും എന്നതും ഒരു സവിശേഷതയാണ്. സാധാരണക്കാരോട് ഇത്ര ചേർന്ന് നിൽക്കുന്ന അവരുടെ ജീവിതം വെള്ളിത്തിരയിൽ നിറഞ്ഞപ്പോഴെല്ലാം അതിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഏയ് ഓട്ടോയിലെ ലാലേട്ടന്റെ സുധി എന്ന കഥാപാത്രം മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ ആ ഓട്ടോ സ്റ്റാൻഡിലെ കുസൃതികളും നൊമ്പരങ്ങളും. സൂപ്പർസ്റ്റാർ രജനികാന്ത് ബാഷയിൽ ഓട്ടോക്കാരനായി വന്നപ്പോഴും പ്രേക്ഷകർ ആവേശത്തോടെ നെഞ്ചിലേറ്റി. ദിലീപ് കൊച്ചി രാജാവിലും ജയറാം കഥ തുടരുന്നു എന്ന ചിത്രത്തിലും പൃഥ്വിരാജ് കങ്കാരുവിലും എല്ലാം ഓട്ടോക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി.
ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓട്ടോഡ്രൈവർ സീറ്റിലേക്ക് മലയാളികളുടെ ഇഷ്ടനായിക അനുശ്രീയും. ജെയിംസ് ആൻഡ് ആലീസിന് ശേഷം സുജിത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ ഓട്ടോക്കാരിയാകുന്നത്. അനിത എന്ന ഓട്ടോക്കാരി ആയിട്ടാണ് അനുശ്രീ ചിത്രത്തിൽ എത്തുന്നത്. നവംബർ 23ന് ഓട്ടർഷ തീയറ്ററുകളിൽ എത്തും. പുന്നാരം എന്ന ചിത്രത്തിലൂടെ പ്രിയപ്പെട്ട കല്പനച്ചേച്ചിയും തൃശ്ശിവപേരൂർ ക്ളിപ്തത്തിലൂടെ അപർണ്ണയും കയറിയിരുന്നിട്ടുള്ള സീറ്റാണ് ‘ഓട്ടർഷ’ ഡ്രൈവറുടേത്. ഇനി ആ സീറ്റിൽ ഇരുന്ന് മലയാളികളുടെ മനസ്സിലേക്ക് അനുശ്രീ ഓട്ടർഷ ഓടിച്ചു കയറ്റും.