തനി നാടൻ ലുക്കും നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റവും അഭിനയവും കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. കലാമണ്ഡലം രാജശ്രീയുടെ ‘സന്തോഷമായില്ലേ അരുണേട്ടാ’ എന്ന ഡയലോഗും സുഷമയുടെ ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ഫോൺ വിളികളും മഹേഷിനെ നൈസായിട്ട് ഒഴിവാക്കിയ സൗമ്യയുടെ തേപ്പുമെല്ലാം മലയാളികൾക്ക് ഈ നടിയോടുള്ള ഇഷ്ടം വർധിപ്പിച്ചിട്ടേയുള്ളൂ. ആ ഒരു നിരയിലേക്ക് ചേർത്തുവെക്കാവുന്ന മറ്റൊരു കിടിലൻ കഥാപാത്രമാണ് ഇപ്പോൾ അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന് ശേഷം സിനിമാട്ടോഗ്രാഫർ സുജിത് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഓട്ടർഷയിലെ അനിത എന്ന കഥാപാത്രമാണ് ഇത്. കണ്ണൂരിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന അനിതയുടെ ഓട്ടർഷയെയും അതിലെ യാത്രക്കാരെയും ചുറ്റിപ്പറ്റിയാണ് ഈ കോമഡി ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ചിത്രത്തിന് വേണ്ടി അനുശ്രീ ഓട്ടോ ഓടിക്കാൻ പഠിക്കുന്ന രസകരമായ വീഡിയോ ഇപ്പോൾ മലയാളികളെ ചിരിപ്പിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഓട്ടം നടത്തുന്നുണ്ട്. ചെറുതായിട്ടാണെങ്കിലും ഒരു ആക്സിഡന്റ് അനുശ്രീക്ക് സംഭവിക്കുന്നുണ്ട് ഈ ഓട്ടോ പഠനത്തിൽ. അവസാനം കാണിക്കുന്ന ആ ‘കഷ്ടപ്പാട്’ തന്നെ മതി ചിരിയുടെ ഒരു മനോഹരപൂരം ഉറപ്പിക്കാൻ.