അൻവർ റഷീദ് ഒരുക്കി ഫഹദ് ഫാസിൽ നസ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ട്രാൻസ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന് ശേഷം അടുത്ത ചിത്രം ഒരുക്കാൻ തയ്യാറാവുകയാണ് അൻവർ റഷീദ്. ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അൻവർ റഷീദ് പുതിയ പ്രോജക്ടുകളെ പറ്റി തുറന്നു പറഞ്ഞത്. അൻവർ റഷീദിന്റെ അടുത്ത ചിത്രം തമിഴിലാണ്. മൂന്ന് സിനിമകൾ നിർമ്മിക്കുവാൻ ഒരുങ്ങുന്ന അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അർജുൻ ദാസ് ആയിരിക്കും ആ ചിത്രത്തിൽ നായകനായി എത്തുന്നത്.
സംവിധായകനായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നതും ഏറെ പ്രത്യേകതയുള്ള ഒരു കാര്യമാണ്. കൂടാതെ അൻവർ റഷീദ് നിർമിക്കുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആയിരിക്കും. ഇതൊരു തമിഴ് ചിത്രം അല്ല മലയാളചിത്രം ആണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റു വിശദാംശങ്ങളെ പറ്റി അദ്ദേഹം തുറന്നു പറഞ്ഞില്ല. മൂന്നാമത്തെ ചിത്രം എന്നത് ഒതളങ്ങ തുരുത്ത് എന്ന വൻവിജയമായി തീർന്ന വെബ് സീരീസിന്റെ ആവിഷ്കാരമാണ്. സീരിസ് ഒരുക്കിയ അമ്പൂജി തന്നെയായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.