പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വിഫലമായില്ല, രക്ഷാദൗത്യവുമായി ഇന്ത്യൻ സേന ബാബുവിന് അരികിൽ എത്തി. മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് 43 മണിക്കൂറിന് ശേഷം വെള്ളം നൽകി. തനിക്ക് അരികിലേക്ക് എത്തിയ സൈനികനുമായി ബാബു എഴുന്നേറ്റു നിന്നാണ് സംസാരിച്ചത്. ഭക്ഷണവും പ്രാഥമികശുശ്രൂഷകളും നൽകിയതിനു ശേഷം ആയിരിക്കും ബാബുവിനെ തിരികെ എത്തിക്കുക. വടം കെട്ടി തന്നെ ആയിരിക്കും ബാബുവിനെ രക്ഷിക്കുക. ബാബുവിന് അടുത്തെത്തിയ സൈനികർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ബാബുവുമായി ഒരു സൈനികനാണ് മലയുടെ മുകളിലേക്ക് കയറുന്നത്. സുരക്ഷാബെൽറ്റും ഹെൽമറ്റും ധരിപ്പിച്ചാണ് രക്ഷാപ്രവർത്തനം. ഇടയ്ക്ക് വിശ്രമിച്ചാണ് മല കയറുന്നത്.
തിങ്കളാഴ്ചയാണ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലേക്ക് എത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി മുകളിലേക്ക് പോകുകയായിരുന്നു. മലയിൽ കയറിയതിനു ശേഷം
കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാൽ തെന്നി താഴേക്ക് വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. ഈ വീഴ്ചയിൽ കാലിന് ചെറിയ പരിക്കേറ്റു.
താൻ പാറയിടുക്കിൽ കുടുങ്ങിയ കാര്യം ബാബു തന്നെയാണ് വീട്ടുകാരെയും പൊലീസിനെയും ബന്ധപ്പെട്ടവരെയും അറിയിച്ചത്. തിരിച്ചെത്തിയ കൂട്ടുകാരും ബാബു കുടുങ്ങിയ കാര്യം അറിയിച്ചു. താൻ കുടുങ്ങി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ബാബു തന്നെ എടുത്ത് പൊലീസിന് അയച്ചു കൊടുത്ത് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. രാത്രിയിൽ ഫ്ലാഷ് തെളിയിച്ച് താൻ എവിടെയാണെന്ന് രക്ഷാപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ബാബുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നു.