നിവിൻ പോളിക്ക് നന്ദി പറഞ്ഞ് അരുൺ ഗോപി..! എന്തിനാണെന്ന് ആയിരിക്കുമല്ലേ സംശയം. നിവിൻ പോളി ഹനീഫ് അദേനി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മിഖായേലിന്റെ റിലീസ് തീയതി അന്നൗൺസ് ചെയ്ത് നിവിൻ പോളി ഇട്ട പോസ്റ്റിലാണ് അരുൺ ഗോപി നന്ദി അറിയിച്ചത്. ജനുവരി 18നാണ് മിഖായേൽ തീയറ്ററുകളിൽ എത്തുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടും മിഖായേലും ജനുവരി 25ന് തീയറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ മിഖായേലിന്റെ റിലീസ് ഒരു ആഴ്ച മുന്നേ നിശ്ചയിച്ചതിലുള്ള നന്ദിയാണ് അരുൺ ഗോപി അറിയിച്ചത്.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ടീസറും പോസ്റ്ററുകളും നല്ലൊരു പ്രതീക്ഷയാണ് ചിത്രത്തിന് സമ്മാനിച്ചിരിക്കുന്നത്.മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു. പുതുവർഷത്തിലും വിജയം തുടരാൻ എത്തുന്ന നിവിൻ പോളിയിൽ നിന്നും മികച്ചൊരു പ്രകടനം പ്രതീക്ഷിക്കാം.
![Mikhael](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Mikhael.jpg?resize=788%2C358&ssl=1)
മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അരുൺ ഗോപി തന്നെയാണ്. ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തും. സയ ഡേവിഡ് നായികയാകുന്ന ചിത്രം ആക്ഷനും പ്രണയവും നർമവുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. ഗോപി സുന്ദറാണ് മ്യൂസിക് കൈകാര്യം ചെയ്യുന്നത്.
![Irupathiyonnaam Noottaandu](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Irupathiyonnaam-Noottaandu.jpg?resize=788%2C378&ssl=1)