ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ രാമലീലയിലൂടെ സംവിധായകനായി അക്ക ങ്ങേറ്റം കുറിച്ച അരുൺ ഗോപിയും ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലും ഇരുവരുടെയും രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുന്നുവെന്ന എന്ന വാർത്ത മലയാളികളെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചത്. കൂടെ എന്തിനും പോന്ന ടോമിച്ചൻ മുളകുപ്പാടം എന്ന നിർമാതാവും കൂടിയായപ്പോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. നായികക്ക് വേണ്ടിയുള്ള ഓഡിഷൻസ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നത്. ഇപ്പോൾ സംവിധായകനായ അരുൺ ഗോപി ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ തേടിയുള്ള യാത്രയിലാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൊക്കേഷൻ ഹണ്ട് തുടങ്ങിയ കാര്യം അദ്ദേഹം അറിയിച്ചത്. തന്റെ സ്വപ്നങ്ങളിൽ പിറവി കൊണ്ട കഥാപാത്രങ്ങൾക്ക് ജീവനേകാൻ ഉതകുന്ന സ്ഥലങ്ങൾ തേടി മലകളും മറ്റു പ്രത്യേകതകൾ നിറഞ്ഞ സ്ഥലങ്ങളും തേടിയുള്ള യാത്രയിലാണ് സംവിധായകൻ. യാത്രകളേയും പുസ്തകങ്ങളെയും സാഹസികതയേയും പ്രണയിക്കുന്ന പ്രണവിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഒരു മുതൽക്കൂട്ടായിരിക്കുമെന്നുറപ്പാണ്. ഹിമാലയത്തിലും ഒരു ലൊക്കേഷൻ സെറ്റ് ചെയ്യാൻ പറഞ്ഞുള്ള കമന്റുകളും സംവിധായകന് ലഭിക്കുന്നുണ്ട്.