ഉണ്ണി മുകുന്ദന്റെ പൊട്ട് പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന് പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’പൊട്ടുകുത്തിയുള്ള ചിത്രത്തിനൊപ്പം അരുന്ധതി കുറിച്ചു. എസ്ഐ ആനിയെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിനു മറുപടിയായായിരുന്നു അരുന്ധതിയുടെ കുറിപ്പ്.
‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന് കുറിച്ചത്. ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.
പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതികരിച്ച് കമന്റുകള്‍ വന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും പ്രതികരണങ്ങളുണ്ട്.