സെലിബ്രിറ്റീസും സാധാരണക്കാരും ഏറെ ഭയപ്പെടുന്ന ഒന്നാണ് സൈബർ ആക്രമണങ്ങൾ. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞ് പലരും മുന്നോട്ട് വന്നിട്ടുണ്ട്. സൈബർ ബുള്ളിയിങ്ങിനെതിരെ കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സൈബർ ബുള്ളിയിങ്ങിനെതിരെ അവതാരികയും നടിയുമായ ആര്യ ശബ്ദമുയർത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
എന്റെ ഒരു പഴയ ഫോട്ടോഷൂട്ടിന്റെ പേരിലാണ് ഞാൻ ആദ്യമായി സൈബർ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നത്. ഒരു തമിഴ് ചിത്രത്തിന് വേണ്ടി നടത്തിയ പ്രൈവറ്റ് ഫോട്ടോഷൂട്ടായിരുന്നു അത്. ആ ഫോട്ടോഷൂട്ട് പബ്ലിഷ് ചെയ്യണമെന്ന ഒരു ഉദ്ദേശ്യവും എനിക്കില്ലായിരുന്നു. എന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ വീഡിയോ പുറത്തിറക്കിയത്. ബഡായി ബംഗ്ലാവിൽ ഞാൻ തിളങ്ങി നിന്ന സമയമായിരുന്നു അത്. പിഷാരടിയുടെ മണ്ടിയായ ഭാര്യ എന്ന ഒരു ഇമേജിൽ എന്നെ കണ്ടിരുന്ന ടിപ്പിക്കൽ മലയാളികൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരുടെ കാഴ്ചപ്പാടിന് വിരുദ്ധമായി വന്നാൽ ഇത്ര മോശമായി ആക്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എനിക്ക് മനസ്സിലാകുന്നില്ല.
എല്ലാ ദിവസവും ഞാൻ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്. ലൈംഗിക ചുവയുള്ള കമന്റുകൾ, എന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത തരത്തിലുള്ള മെസ്സേജുകൾ, മോർഫ് ചെയ്ത എന്റെ ചിത്രമുള്ള പേജുകൾ അങ്ങനെ പലതും സോഷ്യൽ മീഡിയയിലുണ്ട്. പക്ഷേ ഇതിനെതിരെ നമുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല. ഇതെല്ലാം തുറന്ന് തന്നെ പറയണം. നിശബ്ദമായിരുന്നാൽ അത് അവർക്ക് ഈ തെറ്റ് ആവർത്തിക്കുവാനുള്ള പ്രചോദനം ഉണ്ടാവുകയാണ്.