മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വച്ചു.
ഇപ്പോൾ തന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ് ഫലം തന്നതിന്റെയും ദൃശ്യം 2 വിൽ അഭിനയിക്കാൻ പോകുന്നതിന്റെയും സന്തോഷം പങ്കുവെച്ചുകൊണ്ട് കുറിപ്പ് എഴുതിയിരിക്കുകയാണ് ആശാ ശരത്ത്. കൊറോണ സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളോടെ ആണ് ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൽ അഭിനയിക്കുന്നവരുടെ എല്ലാം കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമായിരുന്നു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.
‘കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം.’–ആശ ശരത് പറഞ്ഞു.