ആസിഫ് അലിയുടെ പുതിയ ചിത്രം കുഞ്ഞെൽദോ ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ പുതുമുഖമായ ഗോപിക ഉദയനാണ് നായികയായി എത്തുന്നത്. ചിത്രത്തെക്കുറിച്ച് ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോട്ടയത്തേക്ക് വണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് വിനീതിന്റെ ഫോൺവിളി എത്തിയതെന്ന് ആസിഫ് പറയുന്നു. ട്രാഫിക് മുതൽ വിനീതിനെ അറിയാമെങ്കിലും അപൂർവമായി മാത്രമേ ഫോണിൽ സംസാരിക്കാറുള്ളൂ. അന്ന് വിനീത് ഫോൺ വിളിച്ചപ്പോൾ ആണ് ആദ്യമായി കുഞ്ഞെൽദോയെക്കുറിച്ച് കേൾക്കുന്നത്. ‘നമുക്കൊരു പടം ചെയ്യാമോ’ എന്നാണ് വിനീത് ചോദിച്ചത്.
വിനീതിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ പടം ചെയ്യാൻ സമ്മതിച്ചു. പടം സംവിധാനം ചെയ്യുന്നത് ആർ ജെ മാത്തുക്കുട്ടി ആയിരിക്കുമെന്നും എന്നാൽ താനും പടത്തിൽ ഉണ്ടാകുമെന്നും വിനീത് പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം കൊച്ചിയിൽ എത്തിയപ്പോൾ കഥ കേട്ടു. കഥ പറയുന്ന സമയത്ത് കൂടെ ഒരാളുണ്ടായിരുന്നു. കഥ കേട്ട ശേഷം താൻ ഞെട്ടിയത് മറ്റൊരു കാര്യം കേട്ടായിരുന്നെന്നും ആസിഫ് വ്യക്തമാക്കി. കഥ കേൾക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന ആളിന്റെ ജീവിതത്തിൽ ശരിക്കും നടന്ന കഥ ആയിരുന്നു അതെന്നും ആസിഫ് അലി വ്യക്തമാക്കി.