ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഡിസംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, സിനിമയുടെ സംവിധായകനായ മാത്തുക്കുട്ടി ഒരു സൈക്കോ ആണെന്നാണ് സിനിമയിലെ ഒരു നടനായ മിഥുൻ എം ദാസ് പറഞ്ഞത്. സിനിമാ ഡാഡിയുടെ ‘എങ്കിലേ എന്നോടു പറ’ എന്ന ചാറ്റ് ഷോയിൽ അശ്വതി ശ്രീകാന്തുമായി സംസാരിക്കുമ്പോഴാണ് മിഥുൻ ഇങ്ങനെ പറഞ്ഞത്. ആസിഫ് അലിയും മാത്തുക്കുട്ടിയും ഒപ്പമുണ്ടായിരുന്നു.
ഒരു ഇല അങ്ങോട്ട് എടുത്ത് മാറ്റിവെക്ക് കുഞ്ഞോനേന്ന് പറഞ്ഞാൽ അത് എടുത്ത് ഇടാത്തവനാണ് മാത്തുക്കുട്ടിയെന്നും ഇച്ചിരി സൈക്കോത്തരങ്ങളൊക്കെ മാത്തുക്കുട്ടിക്ക് ഉണ്ടെന്നുമാണ് മിഥുൻ പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗിനിടയിൽ തന്നെ നടന്ന ഒരു സംഭവവും ആസിഫും മിഥുനും പങ്കുവെച്ചു. ‘സിനിമയിൽ ഒരു പയ്യന്റെ ചെവിയിലേക്ക് ആസിഫ് ഇങ്ങനെ വെള്ളമൊഴിക്കുന്ന ഒരു സീനുണ്ട്. ആ ചെക്കനാണെങ്കിൽ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്. ഞങ്ങള് നോക്കുമ്പോൾ ഇവൻ അത് കണ്ട് ചിരിക്കുന്നു. രാത്രി ഇടയ്ക്കിടയ്ക്ക് ഈ ഷോട്ട് പോയി കാണും. പിന്നെയും വന്നിരുന്ന് ചിരിക്കും. എവിടെയോ ഒരു വശപിശക് ഇല്ലേ’ – മിഥുൻ ചോദിക്കുന്നു.
ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് ആസിഫ് അലിക്കും പറയാനുണ്ട്. ‘മൂന്ന് ഡിവിഷനായിട്ടാണ് ആ ഷോട്ട് എടുത്തത്. ആദ്യത്തേത് ഒരു വൈഡ് ഷോട്ടാണ്. അത് ഗ്ലാസുമായിട്ട് അവന്റെ അടുത്തേക്ക് നടന്നു പോകുന്നതാണ്. ചെവിയിൽ ഒഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അത് കാണില്ല, അപ്പോൾ ‘അത് ചെവിയിൽ ഒഴിക്കെടാ’ എന്ന് മാത്തുക്കുട്ടി വിളിച്ചു പറഞ്ഞു. ഞാൻ ചെവിയിൽ ഒഴിച്ചു. അത് കഴിഞ്ഞ് ക്ലോസപ്പ് വേറെ. മൂന്ന് പ്രാവശ്യം ഒഴിച്ചു.’ – ആസിഫ് അലി പറഞ്ഞു. അതേസമയം, അത് വേറൊരാളുടെ ചെവി ആയതിനാൽ ആ സമയത്ത് ആസിഫിന് പ്രശ്നമുണ്ടായി രുന്നില്ലെന്ന് ബാത്ത് റൂമിൽ ഗുണ്ട് വെയ്ക്കുന്ന ഷോട്ട് എടുക്കുന്ന സമയത്ത് ആയിരുന്നു ആസിഫ് പേടിച്ചു പോയതെന്നും മാത്തുക്കുട്ടിയും പറഞ്ഞു.