ക്രിക്കറ്റിനെ ആസ്പദമാക്കിയുള്ള ചിത്രമായ 1983 എന്ന ചിത്രം സംവിധാനം ചെയ്താണ് എബ്രിഡ് ഷൈൻ മലയാളസിനിമയിലേക്ക് എത്തിയത്. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണം ആണ് നേടിയത്. അതിനു ശേഷം ആക്ഷൻ ഹീറോ ബിജു, പൂമരം, ദ കുംഗ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. വീണ്ടും നിവിൻ പോളിയെ നായകനാക്കി ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് എബ്രിഡ് ഷൈൻ.
ഇത്തവണ നിവിൻ പോളിക്കൊപ്പം ആസിഫ് അലിയും ഉണ്ട്. നിവിൻ പോളിയെയും ആസിഫ് അലിയെയും നായകരാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മഹാവീര്യർ എന്നാണ്. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റേതാണ് കഥ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായികാവേഷം ചെയ്തിരിക്കുന്നത്. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ചാബ്ര സംഗീതവും ഒരുക്കിയ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് ആണ്. സൗണ്ട് ഡിസൈനും ഫൈനൽ മിക്സും വിഷ്ണു ശങ്കർ നിർവഹിക്കുന്നു.