ആസിഫ് അലി, വീണ നന്ദകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിസാം ബഷീർ ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖക്ക് എങ്ങും മികച്ച റിപ്പോർട്ടുകൾ. വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത സ്ലീവാച്ചൻ വിവാഹം കഴിക്കുന്നതും പിന്നീടുള്ള വിവാഹ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നു എന്നതെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഫ് അലിയുടെ ഈ അടുത്ത കണ്ട ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായം.
സിനിമയെക്കുറിച്ച് ആസിഫ് അടുത്തിടെ ‘എങ്കിലേ എന്നോടു പറ’ എന്ന പരിപാടിയിൽ മനസ്സ് തുറന്നിരുന്നു. ദാമ്പത്യത്തിൽ ആളുകൾ പുറത്തു പറയാൻ നാണിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ഒരു ചിത്രമാണിത്. വളരെ കമേഴ്ഷ്യലായി ഒട്ടും വൾഗറല്ലാതെ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ച ചിത്രമാണിതെന്നും താരം പറയുന്നു. ആസിഫിന്റെ കെട്ട്യോൾ മാലാഖയാണോ എന്ന അവതാരികയുടെ ചോദ്യത്തിന് തീർച്ചയായും അതെയെന്നായിരുന്നു താരത്തിന്റെ മറുപടി.
ഇതിനിടെ താരത്തോട് രസകരമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി അവതാരക.കേരളത്തിൽ പബുകൾ വരുന്നതിനെ പിന്തുന്നക്കുന്നുവോ എന്ന ചോദ്യത്തിന് തീർച്ചയായും പിന്തുണയ്ക്കുന്നു എന്നാണ് താരം മറുപടി നൽകിയത്.
താൻ ഇട്ടിരിക്കുന്ന ടീഷർട്ട് ഭാര്യ അയേൺ ചെയ്ത് തന്നതാണെന്നും, ഇടയ്ക്കിടെ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്താറില്ല എന്നും താരം പറയുന്നു. ഇടയ്ക്ക് വിളിക്കുമ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞതിനുശേഷം താൻ അഭിനയിക്കുന്ന സിനിമയുടെ പേര് തന്റെ ഭാര്യ സമ ചോദിക്കും എന്നും ഇങ്ങനെ പലവട്ടം ആവർത്തിച്ചപ്പോൾ സ്വന്തം ഭർത്താവ് അഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓർത്തിരിക്കാൻ സാധിക്കുന്നില്ലെയെന്ന് ചോദിച്ചതായും ആസിഫലി പറയുന്നു. അപ്പോൾ കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേൾക്കാൻ വേണ്ടിയാണിതെന്ന് സമ ആസിഫ്നോട് പറഞ്ഞു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമിക്കുന്നത്.