മലർവാടിയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച് വെറും പത്ത് വർഷം കൊണ്ട് ദക്ഷിണേന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് നിവിൻ പോളി. സ്വപ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും മലയാള സിനിമയിലെ മുഖ്യധാരയിൽ തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നിവിൻ പോളി വേറിട്ട പ്രകടനങ്ങൾ കൊണ്ടാണ് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്. പ്രണയ നായകനായും മാസ്സ് നായകനായും ക്യാരക്ടർ റോളുകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിവിന് അഭിനയ രംഗത്ത് പത്ത് വർഷം തികച്ചതിന് ആശംസകളേകിയിരിക്കുകയാണ് സുഹൃത്ത് ആസിഫ് അലി.
ട്രോളന്മാരുടെ പ്രിയ മീമായ ട്രാഫിക്കിലെ അവസാനരംഗം പങ്ക് വെച്ചാണ് ആസിഫ് ആശംസകൾ അറിയിച്ചിരിക്കുന്നത്. മോനേ എനിക്ക് സ്പീഡ് പേടിയില്ല എന്നാണ് ആസിഫിന്റെ ആശംസകൾക്ക് ഒപ്പമുള്ള ക്യാപ്ഷൻ. ട്രാഫിക് കൂടാതെ സെവൻസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.