നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ കഥയല്ലിത് ജീവിതം അവതാരകയും അഭിനേത്രിയുമായ വിധുബാല പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. എന്നെല്ലാമാണ് പറഞ്ഞത്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് കുറിച്ച കുറിപ്പും ശ്രദ്ധേ നേടുകയാണ്.
എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോൾ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനർത്ഥം ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്. ‘You can’t expect someone else to clean your mess’ എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്. നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളിൽ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോർഡിങ് ജീവിതം ഓർത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകൾ ഇല്ലാതാവുന്ന അവസ്ഥകളിൽ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വച്ചാൽ മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ…പഠിപ്പിച്ചേനേന്ന് ! 😄