നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രം ‘കാവൽ’ സൂപ്പർഹിറ്റ് ചിത്രമാണെന്നും സുരേഷ് ഗോപിയുടെ തിരിച്ചു വരവാണെന്നും പ്രേക്ഷകർ. കാവൽ സൂപ്പർ പടമാണെന്ന് പറഞ്ഞ പ്രേക്ഷകർ ഫാമിലിക്ക് ഒരുമിച്ചെത്തി കാണാവുന്ന ചിത്രമാണെന്നും മികച്ച ഫാമിലി എന്റർടയിനർ ആണ് ചിത്രമെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ മിശ്ര അഭിപ്രായങ്ങളാണ് കൂടുതലും കാണുന്നതെങ്കിലും മനഃപൂർവം ചിത്രം ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം ഉണ്ടെന്നും ആരോപണമുണ്ട്.
തൊണ്ണൂറുകളിലെ സുരേഷ് ഗോപി സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ‘കാവൽ’ എന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ പഞ്ച് ഡയലോഗുകളും മാസ് – ആക്ഷൻ സീനുകളും ഒരു വിഭാഗം പ്രേക്ഷകർ കൈയടിയോടെയാണ് സ്വീകരിച്ചത്. അതേസമയം, ചിലർക്ക് ആക്ഷൻ സീനുകളേക്കാൾ ചിത്രത്തിലെ ഇമോഷണൽ സീനുകളാണ് ഇഷ്ടപ്പെട്ടത്. മാവോയിസ്റ്റ്, ട്രേഡ് യൂണിയൻ, വർഗീയത എന്നിവയ്ക്ക് എതിരെ ഉണ്ടായ ചില ഡയലോഗുകൾ പ്രേക്ഷകർ ചിരിയോടെയാണ് ഏറ്റെടുത്തത്.
സുരേഷ് ഗോപിയുടെ തിരിച്ചു വരവാണ് കാവൽ എന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. സുരേഷ് ഗോപി ആരാധകരെ പോലെ തന്നെ കുടുംബ പ്രേക്ഷകർക്കും ഒരു പോലെ കാണാൻ സാധിക്കുന്ന സിനിമയാണ് കാവൽ എന്ന് പ്രേക്ഷകർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. രൺജി പണിക്കരുടെയും സുരേഷ് ഗോപിയുടെയും ഒരു മാസ് ഷോ തന്നെയാണ് സിനിമയെന്ന് പ്രേക്ഷകർ പറഞ്ഞു. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. കേരളത്തിൽ 220 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.