മലയാളികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രം. സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസനായിരുന്നു. മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തേയും പ്രേക്ഷകര്‍ മറക്കില്ല. നന്ദിനി ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ആദ്യം നായികയാക്കാന്‍ തീരുമാനിച്ചത് നന്ദിനിയെ ആയിരുന്നില്ല.
നടി സൗന്ദര്യയെ ആണ് ആദ്യം ചിത്രത്തില്‍ നായികയാകാന്‍ തീരുമാനിച്ചിരുന്നത്. തമിഴിലും തെലുങ്കിലും കന്നഡത്തിലും തിരക്കുള്ള നായികയായിരുന്നു ആ സമയത്ത് സൗന്ദര്യ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സൗന്ദര്യയ്ക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സൗന്ദര്യയുടെ പകരക്കാരി ആയിട്ടാണ് നന്ദിനി ചിത്രത്തില്‍ എത്തിയത്. അതേ സമയം ചിത്രത്തില്‍ സൗന്ദര്യ ആയിരുന്നെങ്കില്‍ സിനിമ കുറച്ചു കൂടി നന്നായിരുന്നേനെ എന്നാണ് ചിലരുടെ അഭിപ്രായം. നന്ദിനിക്ക് ഡബ്ബ് ചെയ്യവേ താന്‍ ഡബ്ബിംഗ് കണ്‍സോളിലിരുന്ന് കരഞ്ഞു പോയെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്‍ പറഞ്ഞിരുന്നു. അത്രയ്ക്ക് വികലമായിരുന്നത്രേ അവരുടെ ലിപ്പിംഗ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ അക്ഷരം തെറ്റാതെ ശബ്ദാഭിനേതാക്കള് എന്നു തന്നെ വിളിക്കണം. നടിമാരുടെ മോശം പ്രകടനം രക്ഷപ്പെടുത്തിയെടുക്കുന്നത് ശബ്ദം കൊടുക്കുന്നവരാണ് എന്നായിരുന്നു ഒരാളുടെ അഭിപ്രായം.
‘അയാള്‍ കഥയെഴുതുകയാണ്’ എന്ന പടത്തിനു വേണ്ടി വിളിച്ചപ്പോ തമിഴില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗ് തീരാത്തതു കൊണ്ട് ഇവിടെ പെട്ടെന്ന് പടം തുടങ്ങണം എന്നതും കാരണം ഓഫര്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് സൗന്ദര്യ പിന്നീട് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീടും ഏതോ ഒരു പടത്തിനു വേണ്ടി വിളിച്ചപ്പോഴും തമിഴ് സിനിമയിലെ ലോങ്ങ് ഷോഡ്യൂള്‍ കൊണ്ട് പറ്റിയില്ല. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ നായികയെ അന്വേഷിച്ചപ്പോള്‍ മോഹന്‍ലാല്‍ തന്നെ ആണ് വീണ്ടും സൗന്ദര്യയുടെ കാര്യം പറഞ്ഞു. ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ഒരു പടത്തില്‍ ആയിരുന്നു സൗന്ദര്യ. അവര്‍ ഭാഗ്യരാജിനോട് പറഞ്ഞു അവര്‍ വിളിച്ചിട്ട് രണ്ടു വട്ടം പോകാന്‍ പറ്റിയില്ല ഈ പ്രാവിശ്യം എങ്കിലും നോ പറയാന്‍ പറ്റില്ല. ഭാഗ്യരാജ് പത്ത് ദിവസം കൊണ്ട് മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു സൗന്ദര്യയുടെ എല്ലാ കോമ്പിനേഷന്‍ സീനും എടുത്ത് തീര്‍ത്തു. അങ്ങനെ മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. മലയാളത്തില്‍ രണ്ടു പടത്തിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും എക്കാലവും ഓര്മിക്കപെടാന് ഉള്ള രണ്ട് ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്. രണ്ടായിരത്തി നാലില്‍ ഒരു വിമാനാപകടത്തില്‍ സൗന്ദര്യ മരണപ്പെടുകയായിരുന്നു. നല്ല ഒരുപാട് കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അനശ്വരമാക്കിയിട്ടാണ് നടി പോയത്.