റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സർജറികൾ ആവശ്യമായിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം.
അതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്.
അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് ജ സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂർ മാടൻ എന്ന അയ്യപ്പൻ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയായപ്പോൾ അയ്യപ്പൻ നായരായി സച്ചി മനസ്സിൽ കണ്ടിരുന്നത് മോഹൻലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാൽ മോഹൻലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.
ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലർത്താൻ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹൻലാലിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല എന്നും മോഹൻലാൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാൽ ആ കഥാപാത്രം പൂർത്തിയാക്കാൻ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തിൽ അവശേഷിക്കും.