തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് പ്രിഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ അനാർക്കലി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂവരും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. അനാർക്കലിയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്ന പൃഥ്വിരാജും ബിജുമേനോനും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘അയ്യപ്പനും കോശിയും’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്നത് രഞ്ജിത്താണ്.സച്ചി ആദ്യമായി എഴുതുന്ന മാസ്സ് എന്റർടൈനർ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ഇതിന് മുൻപുള്ള സച്ചിയുടെ സിനിമകളിൽ ഫൈറ്റുകൾ ഉണ്ടെങ്കിലും ഒരു ആദ്യവസാന മാസ്സ് ചിത്രം ഇത് തന്നെ ആയിരിക്കും. അതിന് വേണ്ട രംഗങ്ങൾ ചിത്രത്തിൽ നിരവധിയുണ്ട്.
അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.