പാലക്കാട്: രക്ഷയുടെ ഉന്നതിയിലേക്ക് ഒടുവിൽ ബാബു നടന്നു കയറി, സൈനികന്റെ കൈ പിടിച്ച്. ഇന്ത്യൻ ആർമിയുടെയും എൻ ഡി ആർ എഫിന്റെയും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി ബാബുവിനെ രക്ഷപ്പെടുത്തി. മലമുകളിലെത്തിയ ബാബു ഇന്ത്യൻ ആർമിക്കും എൻ ഡി ആർ എഫിനും നന്ദി പറഞ്ഞു. തന്നെ രക്ഷിച്ച സൈനികർക്ക് മുത്തം നൽകാനും ബാബു മറന്നില്ല. ബാബു മലമുകളിൽ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും നിമിഷനരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.
രാത്രി വൈകിയും കരസേന രക്ഷാപ്രവർത്തനം തുടർന്നിരുന്നു. പരിചയസമ്പന്നനായ പർവതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. രാവിലെ സൈന്യം ബാബുവുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ബാബു പ്രതികരിച്ചു. കഴിഞ്ഞ 43 മണിക്കൂറായി ബാബു മലയിൽ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, ഇതുവരെ വെള്ളമോ ഭക്ഷണമോ എത്തിക്കാൻ സാധിച്ചിട്ടില്ല.
ബംഗളൂരുവിൽ നിന്നെത്തിയ സംഘവും വെല്ലിഗ്ടണിൽ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ, രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കാൽവഴുതി വീണാണ് ബാബു മലയിടുക്കിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബാബുവിനെ ഉടൻ തന്നെ രക്ഷിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്ക് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.