ബാഹുബലി 2 മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ സോഷ്യൽ മീഡിയ നിറയെ പോസ്റ്റുകളാണ്. രാജമൗലി ശരിക്കും പ്രഭാസിനെ തന്നെയായിരുന്നോ ബാഹുബലി ആയി നിശ്ചയിച്ചിരുന്നത് എന്നതാണ് ആരാധകരുടെ സംശയം. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വാർത്തകൾ ഈ സംശയത്തെ ശരിവയ്ക്കുന്നതാണ്. ബാഹുബലിയായി രാജമൗലി പരിഗണിച്ചത് ബോളിവുഡ് നടൻ ഹൃതിക് റോഷനെയും ബൽവാൽദേവനായി ആദ്യം തീരുമാനിച്ചത് നടൻ ജോൺ എബ്രഹാമിനെയുമായിരുന്നു. സിനിമ ആദ്യം ഹിന്ദിയിൽ ചിത്രീകരിക്കാനും പിന്നീട് മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
എന്നാൽ ഇവരുടെ രണ്ടുപേരുടെയും ഡേറ്റുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം മാറ്റിയത്. കട്ടപ്പയുടെ വേഷത്തിനായി നടൻ മോഹൻലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഈ വേഷം നടൻ സത്യരാജിന്റെ കയ്യിൽ ഭദ്രമായിരുന്നു. മറ്റൊരാളെ കട്ടപ്പ ആയി സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ശിവഗാമി ദേവിയുടെ വേഷത്തിലേക്ക് നടി ശ്രീദേവിയെയും മറ്റൊരു വേഷത്തിലേക്ക് ബോളിവുഡ് നടി സോനത്തിനെയും പരിഗണിച്ചിരുന്നവെന്നും റിപ്പോർട്ടുകൾ പറയുന്നു.