നടൻ ഷെയ്ൻ നിഗത്തെ വിലക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ഷെയ്നിനെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. ഷെയ്ൻ സിനിമയിൽ തിരിച്ചുവരുമെന്നും ഇല്ലെങ്കിൽ തല മൊട്ടയടിക്കാൻ തയ്യാറാണെന്നും ബൈജു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഞാൻ തല മൊട്ടയടിക്കാം.
ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ, സുകുമാരൻ, വിനയൻ, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കിൽ മറ്റു സംഘടനകൾ വിലക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്.
2011-ൽ ഒരു നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ട് ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ല . അതിന്റെ പണി പുറകെ വരുന്നുണ്ട്. ഞാൻ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനയിൽ മത്സരിക്കുന്നു.
രഞ്ജിത്ത് താങ്കൾ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തായി കുത്തഴിഞ്ഞില്ലേ…
സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഇപ്പോൾ പറയുന്നു ലോക്കേഷനുകൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകൾക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ. എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. ഷെയിൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കല്ല എന്നു പറയുന്നു.
മിസ്റ്റർ രഞ്ജിത്ത് ഏതാനും നാളുകൾക്കുള്ളിൽ ഇയാൾ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാൻ പറയുന്നു തുടർന്ന് അയാൾ സിനിമയിലുണ്ടാവും , അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എംജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണ്