കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ പുറത്ത്. ബാലചന്ദ്രകുമാറിന് എതിരെ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ ആണ് പുറത്തായത്. ദിലീപ് കള്ളം പറയണമെന്നാണ് ശബ്ദ സന്ദേശത്തിലൂടെ ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നത്. ബാലചന്ദ്രകുമാർ വീട് വെയ്ക്കുന്ന സമയത്ത് ആളുകളുടെ കൈയിൽ നിന്ന് പണം കടമായി വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപിനോട് കള്ളം പറയാൻ ആവശ്യപ്പെട്ടത്.
ബാലചന്ദ്രകുമാർ പണം കടം വാങ്ങിയവരോട് സിനിമ നാലു മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നാണ് ആവശ്യപ്പെട്ടത്. 2021 ഏപ്രിൽ പതിനാലിനാണ് ബാലചന്ദ്രകുമാർ ദിലീപിന് സന്ദേശം അയച്ചതെന്നാണ് പറയുന്നത്. എന്നാൽ, ഈ സന്ദേശത്തിൽ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടത് താൻ അനുസരിച്ചില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇതിന് ശേഷമാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് വന്നതെന്നാണ് ദിലീപ് കോടതിയിൽ ആരോപിക്കുന്നത്.
ബാലചന്ദ്രകുമാർ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ഓഡിയോ ക്ലിപ്പിൽ ആവശ്യപ്പെടുന്നത്. വീട് വെച്ച സമയത്ത് വലിയൊരു തുക കടം വാങ്ങിയ രണ്ടു പേരോട് ഒന്ന് സംസാരിക്കണമെന്നാണ് ആവശ്യം. തന്റെ പേരിൽ അവർ കേസ് കൊടുക്കുമെന്ന സ്ഥിതിയാണ്. ദിലീപ് സാർ പണം കൊടുക്കുകയോ സിനിമ ചെയ്യുകയോ വേണ്ടെന്നും പകരം അവരോട് നാലു മാസത്തിനുള്ളിൽ സിനിമ നടക്കുമെന്ന് കള്ളം പറയണമെന്നുമാണ് ഓഡിയോ ക്ലിപ്പിൽ ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നത്. ദിലീപ് കള്ളം പറഞ്ഞു കഴിയുമ്പോൾ അവരോട് നാലു മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് താൻ പറയാമെന്നുമാണ് ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശത്തിൽ ഉള്ളത്. എന്നാൽ, ബാലചന്ദ്രകുമാറിന്റെ നിർദ്ദേശം പോലെ സംസാരിക്കാനോ സിനിമ ചെയ്യാനോ ദിലീപ് തയ്യാറായില്ലെന്നും ഇതുകൊണ്ടുള്ള വൈരാഗ്യത്തെ തുടർന്നാണ് ബാലചന്ദ്രകുമാർ കള്ളക്കേസ് കൊടുത്തതെന്നുമാണ് ദിലീപ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് ദിലീപ് ഇക്കാര്യം കോടതിയെ അറിയിച്ചത്.