കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. ദിലീപിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തി. ജാമ്യം നൽകിയുള്ള ഉത്തരവിൽ തനിക്ക് സന്തോഷമോ ദുഃഖമോ ഇല്ലെന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത് വെല്ലുവിളി ആയിരിക്കും. ശക്തനായ പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും.
പ്രോസിക്യൂഷന് കോടതി ഉത്തരവ് തിരിച്ചടിയല്ല. കോടതിയിൽ നടന്നത് കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളാണ്. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ വ്യാജമാണ്. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. എന്നാൽ, പ്രതി ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്ത് ഉണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം എന്ന വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥർ വീടിനു സമീപത്തു നിന്ന് പിൻവലിയുകയായിരുന്നു.