തെലുങ്കില്‍ നന്ദമുറി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്ഡി ആദ്യ ദിനം കളക്ട് ചെയ്തത് 54 കോടി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ബോക്സോഫില്‍ വന്‍ ചലനം സൃഷ്ടിക്കാനെത്തിയ അജിത്ത് ചിത്രം തുനിവ്, വിജയ് ചിത്രം വാരിസ് എന്നിവയെ കടത്തിവെട്ടിയാണ് വീര സിംഹ റെഡ്ഡിയുടെ വിളയാട്ടം.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡ് വീര സിംഹ റെഡ്ഡി സ്വന്തമാക്കി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. ചിത്രത്തിന്റെ ഓള് ഇന്ത്യ കളക്ഷന്‍ 42 കോടിയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 38.7 കോടിയും കര്‍ണാടകയില്‍ നിന്ന് 3.25 കോടിയും ചിത്രം കളക്ട് ചെയ്തു. ഓവര്‍സീസ് കളക്ഷനായി ലഭിച്ചത് എട്ട് കോടിയാണ്. അതേസമയം, വാരിസിന്റെ ആദ്യദിന കളക്ഷന്‍ 49 കോടിയും തുനിവിന്റേത് 42 കോടിയുമാണ്.
ഗോപിചന്ദ് മലിനേനിയാണ് വീര സിംഹ റെഡ്ഡിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഹണി റോസ്, ലാല്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.