ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കി മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പരമ്പരയിലെ ലച്ചുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ചർച്ചാവിഷയമായിരുന്നത്. ടിക് ടോക് താരങ്ങൾ മുതൽ ബിഗ് സ്ക്രീൻ നായകൻ ഷെയ്ൻ നിഗമിന്റെ വരെ പേരുകൾ ഉയർന്നു കേട്ടപ്പോഴാണ് ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പുറത്ത് വരുന്നത്.
പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ആരും ആയിരുന്നില്ല വരൻ. ലച്ചുവിന്റെ വരനായി എത്തിയത് നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആയിരുന്നു. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി ഡീഡിയും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായി നിൽക്കുന്നതിനിടയിൽ ആയിരുന്നു നീലുവും കരഞ്ഞത്. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം ഇപ്പോൾ പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഈ വിവരങ്ങൾ പങ്കു വെച്ചത്. തിരക്കഥ അനുസരിച്ച് പ്ലാൻ ചെയ്ത ഒരു രംഗം ആയിരുന്നില്ല അതന്നും മക്കൾക്കായി കുറച്ച് ഉപദേശങ്ങൾ നൽകണമെന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചതെന്നും ബാലു പറയുന്നു. എന്നാൽ ആ രംഗത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് തന്റെ വിഷമം ഉള്ളിൽ ഒതുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.