മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നവോദയ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ്.
ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനൻ ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരൻ ലിഡിയന് നാദസ്വരമാണ്. എന്നാൽ കൊറോണ ഭീതി പടരുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തുടങ്ങാനാണ് മോഹൻലാൽ പ്രതീക്ഷിക്കുന്നത്. അതിനു മുൻപ് രണ്ടു മലയാള ചിത്രങ്ങളിൽ അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജിത്തു ജോസഫിന്റെയും മോഹൻലാലിന്റെയും തന്നെ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിൽ ആയിരിക്കും മോഹൻലാൽ ആദ്യം അഭിനയിക്കുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 60 ദിവസം കൊണ്ട് തീർക്കുവാൻ ആണ് പദ്ധതി. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണം പകുതിവഴിയിൽ നിൽക്കുകയാണ്. അതിന്റെ ചിത്രീകരണവും ദൃശ്യത്തിനു ശേഷം തീർക്കാം എന്നാണ് ആലോചന.