നടനായും നിര്‍മാതാവായും ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായ മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ ആദ്യ ചലച്ചിത്ര സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണത്തിന് തുടക്കമായി. അമിതാഭ് ബച്ചനടക്കം നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രെഷര്‍’ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്. ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘ജീവിത വഴിത്താരയില്‍ വിസ്മയചാര്ത്തുകളില് സ്വയം നടനായി, നിര്‍മാതാവായി, സിനിമ ജീവനായി ജീവിതമായി മാറി. ഇപ്പോഴിതാ ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകയാണ്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍.
അതേസമയം 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍
ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു