മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരം എന്ന ചെറിയ പയ്യൻ ആണെന്ന വാർത്ത കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. “അയ്യേ.. ഈ പയ്യനോ ?” എന്ന് ചോദിക്കാൻ വരട്ടെ. ആൾ ഒരു പുലി തന്നെയാണ്. ചില പ്രത്യേക തരം ഹോബികളാണ് ഈ പയ്യനുള്ളത്. കണ്ണുകെട്ടി പിയാനോ വായിക്കുക, ഒരേ സമയം 2 പിയാനോകളിൽ 2 തരത്തിലുള്ള നോട്ട്സ് വായിക്കുക, ഒരു സാധാരണ മനുഷ്യന് കഴിയുന്നതിന്റെ ഇരട്ടി സ്പീഡിൽ “Fight of the bumblebee” എന്ന note വായിക്കുക. അതൊക്കെയാണ് തമിഴ് മ്യൂസിക് ഡയറക്ടർ കൂടിയായ വർഷൻ സതീഷിന്റെ മകനും ഏ ആർ റഹ്മാനെ പോലും ഞെട്ടിച്ചിട്ടുള്ള ഈ പയ്യന്റെ ഹോബികൾ.
2 വയസ്സ് ആകുന്നതിന് മുന്നേ ഡ്രംസിൽ താളമിട്ട് തുടങ്ങിയ ലിഡിയൻ 1 മില്യൺ ഡോളർ സമ്മാനത്തുകയുള്ള CBS ദി വേൾഡ്സ് ബെസ്റ്റ് എന്ന ഇന്റർനാഷണൽ കോംപറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രശസ്തമായ ദി എലൻ ഷോയിലാണ് തന്റെ വേറിട്ടൊരു സ്വപ്നം ലിഡിയൻ പങ്ക് വെച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് തന്റെ പിയാനോ കൊണ്ട് പോയി അവിടെ ഇരുന്ന് ബീഥോവന്റെ മൂൺലൈറ്റ് സൊണാറ്റ വായിക്കണമെന്ന് ഈ അത്ഭുത ബാലന്റെ സ്വപ്നം..!