സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ് മിന്നൽ മുരളി. ഡിസംബർ 24ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രം എല്ലാ തലത്തിലും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം രാജ്യാതിർത്തികൾ കടന്നും മികച്ച അഭിപ്രായമാണ് നേടുന്നത്.
നെറ്റ്ഫ്ലിക്സിന്റെ ടോപ് 10ൽ ഒന്നാമതായി എത്തി മിന്നൽ മുരളി. ഇപ്പോൾ മിന്നൽ മുരളിയിലെ ബ്രില്യൻസ് അക്കമിട്ട് നിരത്തുകയാണ് പ്രേക്ഷകരിൽ ചിലർ. സിനിമ കാണുന്നവർ ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ, വളരെ ഡിറ്റയിലിങ് ആയി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ചിലർ കണ്ടുപിടിച്ചത്. കുറുക്കൻമൂലയിൽ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകളും വാഹനങ്ങളുടെ കെ എം എന്ന രജിസ്ട്രേഷനും തുടങ്ങി നിരവധി കാര്യങ്ങളാണ് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്.
ചിത്രത്തിൽ സാധാരണ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് നിരൂപകർ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. കുഞ്ഞിരാമായണത്തിലെ സൽസ മദ്യം, മിഥുനത്തിലെ സേതുമാധവന്റെ സ്വപ്നമായ ദാക്ഷായണി ബിസ്കറ്റ് തുടങ്ങിയവയാണ് അതിൽ ചിലത്. കുറുക്കൻ മൂലയിൽ എത്തുമ്പോൾ പെപ്സി പെസ്പി ആകും. പ്യുമ പോമയും അഡിഡാസ് അബിബാസും ഒക്കെ ആകും. ഒരു മിന്നായം പോലെ കടന്നു പോകുന്ന ഈ ബ്രില്യൻസിനെയെല്ലാം കണ്ടെത്തുന്നവരുടെ ബ്രില്യൻസും ചില്ലറയല്ല.