നടൻ ഭഗത് മാനുവലിന്റെ രണ്ടാമത്തെ വിവാഹം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കോഴിക്കോട് സ്വദേശിനി ഷേർളി ആണ് വധു. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ഇരുവർക്കും ഒരു മകൻ ഉണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ഇരുവരും.
ഭഗത്: പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തുചാട്ടക്കാരിയാണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് ഞാൻ കണ്ടത്. അമ്മേയെന്ന് വിളിച്ച് പൊന്നൂസ് എപ്പോഴും പിന്നാലെ ഉണ്ടാകും. അവനിപ്പോൾ എല്ലാത്തിനും അമ്മയെ മതി. ഞങ്ങൾ ഇരുവരും ഒന്നിക്കുമ്പോൾ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഓർത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ അവർ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാൾ എല്ലാം കൂടുതൽ ഉൾക്കൊണ്ടത് അവരായിരുന്നു. ലീനുവിനും മകനുള്ളതിനാൽ എന്റെ മകന്റെ മനസ്സും തിരിച്ചറിയാൻ കഴിയുമെന്ന് അറിയുമായിരുന്നു. ഞാൻ ജോക്കൂട്ടനെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൾ പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എന്റെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവർക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു ഞങ്ങൾ.
ഷെർലിൻ: ആദ്യം കണ്ടപ്പോൾ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ഇച്ച സംസാരിക്കുമെന്നായിരുന്നു കരുതിയത്. ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു ആൾ. കുറച്ച് സമയമെടുത്താണ് സംസാരിച്ച് തുടങ്ങിയത്. രക്ഷിതാക്കൾ വഴി പിരിയുമ്പോൾ കുട്ടികൾ അമ്മമാർക്കൊപ്പം പോകുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോൻ ഇച്ചക്കൊപ്പം പോന്നതെന്നാണ് ഞാൻ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാൺകുട്ടികളുടെ അമ്മയാണ് ഞാൻ ഇപ്പോൾ.