മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സിനിമയാണ് സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’. തെലുങ്കിലേക്ക് സിനിമ റീമേക്ക് ചെയ്തിരിക്കുകയാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കിൽ എത്തുമ്പോൾ അയ്യപ്പനും കോശിക്കും പേര്. പവൻ കല്യാൺ, റാണ ദഗുബട്ടി എന്നിവരാണ് യഥാക്രമം ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒരു വീഡിയോ പ്രമോ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം, ഭീംല നായക് സിനിമയിലെ പാട്ട് നവംബർ ഏഴിന് റിലീസ് ചെയ്യും. സാഗർ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച കോശി തെലുങ്കിൽ ഡാനിയേൽ ശേഖറാകുമ്പോൾ ആ കഥാപാത്രമായി എത്തുന്നത് റാണ ദഗുബട്ടി ആണ്. കഴിഞ്ഞയിടെ സോഷ്യൽ മീഡിയയിൽ ഭീംല നായക് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള ഒരു ചിത്രം വൈറലായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ പടം പുറത്തു വിട്ടത്. പവൻ കല്യാണും റാണ ദഗുബട്ടിയും ലൊക്കേഷനിൽ വിശ്രമിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. ലൊക്കേഷനിൽ സെറ്റിട്ടിരിക്കുന്ന ഒരു കയറു കട്ടിലിലും കാളവണ്ടിയിലുമായിരുന്നു താരങ്ങളുടെ വിശ്രമം. സെറ്റിലെ കയറു കട്ടിലിൽ ഒരു തലയണ വെച്ചായിരുന്നു പവൻ കല്യാൺ കിടന്നത്. കൈലി മുണ്ടും നീല ഷർട്ടുമായിരുന്നു വേഷം. തൊട്ടപ്പുറത്ത് കിടക്കുന്ന കാളവണ്ടിയിൽ തലയ്ക്ക് കൈ കൊണ്ട് താങ്ങ് കൊടുത്ത് കിടക്കുന്ന റാണ ദഗുബട്ടിയും. വെള്ള മുണ്ടും ഷർട്ടുമായിരുന്നു റാണയുടെ വേഷം.
ചിത്രത്തിൽ പവൻ കല്യാണിന് നായികയായി നിത്യ മേനോനും റാണയുടെ നായികയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. സിതാര എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന് സംഗീതം. നിത്യ മേനോന്, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.