മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായം സ്വന്തമാക്കി. സച്ചി ആയിരുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും. അയ്യപ്പൻ നായർ എന്ന കഥാപാത്രമായി ബിജു മേനോൻ തിളങ്ങിയപ്പോൾ കോശി ആയി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഇത്രയധികം നിരൂപകപ്രശംസ നേടിയ വേറൊരു ചിത്രമില്ല.
തെലുങ്കിലേക്ക് ‘അയ്യപ്പനും കോശിയും’ റീമേക്ക് ചെയ്തപ്പോൾ ‘ഭീംല നായക്’ എന്നായി പേര്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് പ്രശസ്ത സംവിധായകൻ കൂടിയായ ത്രിവിക്രം ശ്രീനിവാസ് ആണ്. സിനിമയുടെ റിലീസ് ഫെബ്രുവരി 25ന് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി ട്രയിലർ എത്തിയിരിക്കുകയാണ്.
ഏതായാലും അയ്യപ്പനും കോശിയും എന്ന സിനിമയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് തെലുങ്ക് ട്രയിലർ എത്തിയിരിക്കുന്നത്. അയ്യപ്പൻ നായർ തെലുങ്കിൽ എത്തിയപ്പോൾ ഭീംല നായക് ആയി ഒരു മാസ് കഥാപാത്രമായി മാറുന്നതാണ് ട്രയലറിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, കോശി കുര്യൻ മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോൾ ഡാനിയേൽ ശേഖർ ആയി മാറുന്നുണ്ടെങ്കിലും കഥാപാത്രത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. നിത്യ മേനോൻ. സംയുക്ത മേനോൻ എന്നിവരാണ് സിനിമയിൽ നായികമാരായി എത്തുന്നത്.