തെലുങ്ക് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രത്തിന്റെ റീമേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിലവില്‍ പുരോഗമിക്കുകയാണ്. ഭീംലനായക് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായരുടെ കഥാപാത്രത്തെയാണ് തെലുങ്കില്‍ ഭീംലനായക് എന്ന പേരില്‍ പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഭീംലനായകിന്റെ ക്യാരക്റ്റര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിലെ പശ്ചാത്തല സംഗീതം അയ്യപ്പനും കോശി ചിത്രത്തിലെ ഗാനങ്ങളുമായി സാമ്യമുണ്ട്. പവന് കല്യാണിന്റെ പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് പുറത്തുവന്നത്. എന്നാല്‍ ടീസറില്‍ കോശിയെ തല്ലാനായി പോകുന്ന അയ്യപ്പന് നായരുടെ റീമേക്ക് രംഗങ്ങളാണ്. ഇതിനോടകം വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന് കല്യാണിന്റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റാം ലക്ഷ്മണ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.