കോവിഡ് ഭീതി മാറി തിയറ്ററുകൾ സജീവമാകുന്നതോടെ ആദ്യ താരയുദ്ധത്തിന് മലയാളസിനിമയിൽ കളമൊരുങ്ങുകയാണ്. മാർച്ച് മൂന്നിന് തിയറ്ററുകൾ സൂപ്പർഹീറോയുടെ ഒപ്പം നിൽക്കുമോ അതോ മെഗാസ്റ്റാറിന് ഒപ്പം നിൽക്കുമോ എന്ന് തിരിച്ചറിയാം. മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വം, യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ എന്നീ ചിത്രങ്ങളാണ് മാർച്ച് മൂന്നിന് തിയറ്ററുകളിലേക്ക് എത്തുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ വരുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം.
അമൽ നീരദ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന അമൽ നീരദും നവാഗതനായ ദേവ്ദത്ത് ഷാജിയും ചേർന്നാണ്. ചിത്രത്തിന്റെ ടീസറും ട്രയിലറും ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റാണ്. വമ്പൻ താരനിരയാണ് ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിക്ക് ഒപ്പം അണിനിരക്കുന്നത്. യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മാല പാർവതി, നദിയ മൊയ്തു എന്നിവരാണ് ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
മാർച്ച് മൂന്നിന് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തുമ്പോൾ ടോവിനോ തോമസിന്റെ നാരദനും തിയറ്ററുകളിൽ റിലീസ് ആകുകയാണ്. വർത്തമാനകാലത്തെ ദൃശ്യ വാർത്ത മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് നാരദൻ. അന്ന ബെൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആഷിഖ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മാണം. ഒരു ചാനൽ വാർത്താ അവതാരകനായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ താരം ഈ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഹേ സിനാമികയും അടുത്തദിവസം തന്നെ കേരളത്തില തിയറ്ററുകളിൽ എത്തും.