മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന സിനിമയാണ് ‘ഭീഷ്മ പർവ്വം. പ്രഖ്യാപിച്ച സമയം മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം ആയിരുന്നു യുട്യൂബിൽ റിലീസ് ചെയ്തത്. വൻ വരവേൽപ്പ് ആയിരുന്നു ടീസറിന് ലഭിച്ചത്. യുട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ടീസർ. രണ്ട് ദിവസം കൊണ്ട് മൂന്ന് മില്യൺ കാഴ്ചക്കാർ കടന്നു ടീസറിന്. ‘മാസ് ഐറ്റം’ എന്ന് വിശേഷിപ്പിച്ചാണ് ടീസറിന് ആരാധകർ സ്വീകരണം നൽകിയത്.
ടീസർ ആരാധകർ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ പോസ്റ്ററുമായി ഭീഷ്മ പർവ്വം ടീം എത്തിയത്. ‘മമ്മൂക്ക ദിവസവും ഇതുപോലെ ഒന്നോ രണ്ടോ ഇടിവെട്ട് പോസ്റ്ററുകൾ ഇടൂ’ – എന്നാണ് പോസ്റ്ററിന് ലഭിച്ച ഒരു കമന്റ്. സിനിമയിലെ മിക്ക കഥാപാത്രങ്ങളും ഈ പോസ്റ്ററിൽ ദൃശ്യമാണ്. മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരെ പോസ്റ്ററിൽ കാണാം. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആദ്യം ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ എന്ന സിനിമയാണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ‘ഭീഷ്മ പർവ്വം’ പ്രഖ്യാപിക്കുകയായിരുന്നു. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി. ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ്.