ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവം. അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം ഗംഭീര തിയറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചു കൊണ്ട് നിർമാതാക്കൾ ആദ്യഘട്ട പ്രമോഷന് തുടക്കം കുറിച്ചു. സൗബിൻ ഷാഹിറിന്റെ കാരക്ടർ പോസ്റ്ററാണ് ഭീഷ്മ ടീം ആദ്യം പങ്കുവെച്ചത്. ചിത്രത്തിൽ അജാസ് എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.
നിരവധി താരങ്ങളാണ് ഭീഷ്മ പർവത്തിന്റെ ഭാഗമായിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ കാരക്ടർ പോസ്റ്ററുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷൈൻ ടോ ചാക്കോ, ഫർഹാൻ ഫാസിൽ, വീണ നന്ദകുമാർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനസൂയ, മാല പാർവതി, ലെന തുടങ്ങി നിരവധി താരങ്ങളാണ് ഭീഷ്മ പർവത്തിൽ അഭിനയിച്ചിരിക്കുന്നത്. അമൽ നീരദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഭീഷ്മവര്ധന് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പി ടി രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആര് ജെ മുരുകന് (മനു ജോസ്) അഡീഷണല്‍ ഡയലോഗും നിർവഹിച്ചു. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചെയ്തത്. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ – സുനില്‍ ബാബു, സമീറാ സനീഷ് – വസ്ത്രാലങ്കാരം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവിധ കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.