റിസർവേഷൻ തുടങ്ങി നിമിഷനേരം കൊണ്ട് മമ്മൂട്ടി ചിത്രം ഭീഷ്മയുടെ ടിക്കറ്റുകൾ വിറ്റു തീർന്നു. മാർച്ച് മൂന്നിനുള്ള റെഗുലർ ടിക്കറ്റുകളാണ് വിറ്റുപോയത്. തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയറ്റിലാണ് ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റു തീർന്നത്. ടിക്കറ്റ് റിസർവേഷനായി നീണ്ട ക്യൂ ആണ് തിയറ്ററിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചായി. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ബിഗ് ബി എന്ന ചിത്രത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവം. പതിനാലു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. യുട്യൂബിൽ റിലീസ് ആയ ചിത്രത്തിന്റെ ട്രയിലറും ടീസറും പാട്ടുകളും ഹിറ്റ് ആയിക്കഴിഞ്ഞു. ലക്ഷക്കണിക്കിന് ആളുകളാണ് ഇതുവരെ ട്രയിലറും ടീസറും പാട്ടുകളും കണ്ടിരിക്കുന്നത്.
ഭീഷ്പ പർവത്തിനേക്കാൾ മുമ്പേ മമ്മൂട്ടിയുടെ ‘ബിലാൽ’ ആയിരുന്നു ചർച്ച ആയതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ‘ഭീഷ്മ പർവം’ പ്രഖ്യാപിക്കുകയായിരുന്നു. വൻ താരനിരയാണ് ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്, സംഗീതം – സുഷിന് ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്ഷന്.