മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് നാലാമത്തെ സീസണിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ റിയാലിറ്റി ഷോയിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. അതു തന്നെയാണ് നാലാം സീസണിന്റെ പ്രത്യേകതയും. നടിയും മോഡലുമായ ജാനകി സുധീർ ആണ് മത്സരാർത്ഥികളിൽ ഒരാൾ. തന്റെ വിശേഷങ്ങൾ ഇൻട്രോ വീഡിയോയിലൂടെ പങ്കുവെച്ച ജാനകി താൻ ശക്തയായൊരു മത്സരാർത്ഥി ആയിരിക്കുമെന്ന് അവതാരകനായ മോഹൻലാലിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി മോഡലിംഗ്, അഭിനയ രംഗത്ത് സജീവമാണ് ജാനകി.
പാഷനായ അഭിനയം സ്വന്തമാക്കുന്നതിന് വേണ്ടി വീടും നാടും വിട്ട് ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ജാനകി. കൊച്ചിയിൽ സ്വന്തം ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് ജാനകി താമസിക്കുന്നത്. സെൽഫ് മെയ്ഡ് ആയ, ഇൻഡിപെൻഡന്റെ ആയ പെൺകുട്ടി എന്ന മുഖവുരയോടെയാണ് അവതാരകൻ ആയ മോഹൻലാൽ ജാനകിയെ ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ഹോട്ട് ലുക്കിൽ ആയിരുന്നു ജാനകി പ്രത്യക്ഷപ്പെട്ടത്. താൻ എപ്പോഴും ഫോൺ ഉപയോഗിക്കുന്ന ആളാണെന്നും ബിഗ് ബോസിലേക്ക് വന്നതോടെ അതിലൊരു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാനകി പറഞ്ഞു. തനിക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ലെന്നും ബിഗ് ബോസിലേക്ക് വന്നതോടെ തന്നെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങുമെന്നും അങ്ങനെ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസിലേക്ക് വന്നതെന്നും ജാനകി വ്യക്തമാക്കി.
പിന്നിൽ നിന്നും മുന്നിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെയാണ് താൻ പ്രതിനിധീകരിക്കുന്നത്. ഇതിനകം 13 ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജാനകി അതെല്ലാം ചെറിയ കഥാപാത്രങ്ങളാണെന്നും പറഞ്ഞു. കുടുംബത്തെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് ജാനകി പറഞ്ഞത്. ഡാഡി എന്നു പറയുന്നത് സ്റ്റെപ്പ് ഡാഡിയാണെന്നും അദ്ദേഹത്തിന് രണ്ടു മക്കളുണ്ടെന്നും ജാനകി വ്യക്തമാക്കി. അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോൾ തനിക്കൊരു ചേച്ചിയെയും ചേട്ടനെയും കിട്ടിയെന്നും ജാനകി വ്യക്തമാക്കി. വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ആളാണ് താൻ. അതിലൊന്നും പ്രശ്നമില്ലെന്നും എന്നാൽ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ടെന്നും ജാനകി വ്യക്തമാക്കി. ഇനി എല്ലാ ദിവസവും അമ്മയ്ക്ക് തന്നെ കാണാൻ കഴിയുമെന്നും തനിക്ക് കാണാൻ പറ്റില്ല എന്നേയുള്ളൂവെന്നും ജാനകി വ്യക്തമാക്കി.