ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടിവി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിൽ അടുത്ത സീസൺ എന്നുമുതൽ ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ഓരോ ബിഗ് ബോസ് ആരാധകരും. കാരണം ഓരോ സീസണും അത്ര വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബിഗ് ബോസ് സീസൺ 5 ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് നിരൂപകയായ രേവതി ബിഗ് ബോസ് മല്ലു ടോക്സിലൂടെ വ്യക്തമാക്കുകയാണ്.
മലയാളത്തിൽ ബിഗ് ബോസ് സീസൺ നാല് ആയിരുന്നു കഴിഞ്ഞത്. സീസൺ നാലിനു ശേഷം മലയാളത്തിൽ ബിഗ് ബോസ് അൾട്ടിമേറ്റ് ആയിരിക്കും എത്തുക എന്ന് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ ബിഗ് ബോസ് അൾട്ടിമേറ്റ് ആയിരിക്കില്ല ഉണ്ടാകുകയെന്നും ബിഗ് ബോസ് സീസൺ 5 ആയിരിക്കുമെന്നും വ്യക്തമാക്കുകയാണ് മല്ലു ടോക്സിലൂടെ രേവതി. മലയാളികൾക്ക് സുപരിചിതരായ താരങ്ങളും എന്നാൽ അത്ര പരിചയമില്ലാത്ത സോഷ്യൽ മീഡിയയിൽ സജീവമായവരും ആയിരിക്കും ഇത്തവണ ബിഗ് ബോസ് 5ന്റെ ഭാഗമാകുക.
പുറത്ത് പോസിറ്റീവ് ഇമേജുള്ള താരങ്ങൾ സൈബർ ആക്രമണം പേടിച്ച് പിന്മാറാൻ സാധ്യതയുണ്ട്. എന്നാൽ, ഇമേജ് നോക്കാതെ തന്നെ ബിഗ് ബോസിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന താരങ്ങളുമുണ്ട്. അതേസമയം, ബിഗ് ബോസ് സീസൺ 5ൽ മോഹൻലാൽ തന്നെ അവതാരകനായി എത്തുമോ എന്നാണ് ആരാധകർ നോക്കുന്നത്. ഇത്തവണയും മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സാധാരണക്കാർക്ക് ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാൻ അവസരമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയില്ലെന്നാണ് രേവതി വ്യക്തമാക്കുന്നത്. ബിഗ് ബോസിൽ മുമ്പ് പങ്കെടുത്തവർ വരാനും വരാതെ ഇരിക്കാനും സാധ്യതയുണ്ടന്നും രേവതി പറയുന്നു. ഏതായാലും ബിഗ് ബോസ് സീസൺ 5നായി കാത്തിരിക്കുകയാണ് ആരാധകർ.