പ്രേക്ഷകർക്കും വിജയ് ആരാധകർക്കും ഒരേ പോലെ ആവേശവും ആഘോഷവും സമ്മാനിച്ച ചിത്രങ്ങളാണ് ആറ്റ്ലീ – വിജയ് കൂട്ടുകെട്ടിൽ തീയറ്ററുകളിൽ എത്തിയ തെരിയും മെർസലും. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോൾ ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. ആ ആഘോഷങ്ങളെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ച് ബിഗിൽ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് ചിത്രങ്ങൾക്ക് സാധാരണ ഉണ്ടാകുന്ന നിയമ കുരുക്കുകളും വിവാദങ്ങളും ബിഗിലിനെയും വെറുതെ വിട്ടില്ല. എന്നിട്ടും അതിനെയെല്ലാം തരണം ചെയ്താണ് ചിത്രം തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകർക്ക് ആഘോഷമാക്കാനുള്ളത് എല്ലാം തന്നെ ചിത്രത്തിൽ ഉണ്ടെന്ന് ട്രെയ്ലർ തന്നെ ഉറപ്പ് തന്നിരുന്നു.
വിജയ് ഗില്ലിയിൽ കബഡി കളിക്കാരൻ ആയിട്ടാണെങ്കിലും അതൊരു ത്രില്ലിംഗ് പ്രണയ ചിത്രമായിട്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ബിഗിൽ എത്തിയിരിക്കുന്നത് ഒരു പക്കാ സ്പോർട്സ് മൂവിയായിട്ടാണ്. ഗ്യാങ്സ്റ്ററായ രായപ്പൻ, മകൻ മൈക്കിൾ എന്നിങ്ങനെ ഡബിൾ റോളിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവ വികാസങ്ങൾ ജീവിതം മാറ്റിമറിക്കുന്ന ഒരു ചാമ്പ്യൻ ഫുട്ബോളറുടെ കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങൾക്ക് ശേഷം കോച്ചായി തിരിച്ചെത്തുന്ന അയാൾക്ക് മുന്നിൽ പരിശീലിപ്പിക്കുവാനുള്ളത് അച്ചടക്കമോ അനുസരണയോ ഒട്ടുമില്ലാത്ത ഒരു കൂട്ടം പെൺകുട്ടികൾ അടങ്ങിയ ടീമിനെയാണ്. ചാമ്പ്യൻ ഫുട്ബോളർ ആ വെല്ലുവിളികളെ തരണം ചെയ്യുന്നതും അതിനുള്ള അധ്വാനവുമെല്ലാം ആക്ഷനും ഇമോഷനുമെല്ലാം ചേർത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിഗിലിൽ.
ശിവകാശി, വില്ല് തുടങ്ങിയ ചിത്രങ്ങളിൽ വിജയ്യുടെ നായികയായി അഭിനയിച്ച നയൻതാര വർഷങ്ങൾക്കിപ്പുറം വിജയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ബിഗിലിനുണ്ട്. മികച്ചൊരു കെമിസ്ട്രി ഇരുവരും തമ്മിലുണ്ട്. ഇമോഷണൽ രംഗങ്ങൾക്കും മാസ്സ് ആക്ഷൻ രംഗങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്നതാണ് ശ്രദ്ധേയം. വിജയ് ചിത്രങ്ങളിൽ കാണുന്ന സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള ആഴമാർന്ന ഇറങ്ങിച്ചെല്ലൽ ഒട്ടും തന്നെ കുറക്കാതെയുള്ള ചിത്രത്തിൽ കൊച്ചുകുട്ടികൾ മുതൽ സ്ക്രീനിൽ മുഖം കാണിച്ച ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
സംവിധായകൻ ആറ്റ്ലീയും രമണ ഗിരിവാസനും ചേർന്ന് ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായിട്ട് നില കൊള്ളുന്നത്. ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും ഒത്തിണങ്ങിയ തിരക്കഥയ്ക്ക് ഏ ആർ റഹ്മാന്റെ സംഗീതവും കൂടി ചേർന്നപ്പോൾ മികച്ചൊരു ഭംഗി തന്നെയാണ് കൈ വന്നത്. സിംഗപ്പെണ്ണേ, വെറിത്തനം, ഉനക്കാകെ ഗാനങ്ങൾ പ്രത്യേകിച്ച് മികച്ച് നിന്നു. ഗംഭീര ഫ്രെയിംസുമായി ജി കെ വിഷ്ണുവും ബിഗിലിനെ ആഘോഷമാക്കി തീർത്തു. റൂബന്റെ എഡിറ്റിംഗും ആസ്വാദനത്തെ ഗംഭീരമാക്കി. പക്കാ ഇമോഷണൽ സ്റ്റൈലിഷ് മാസ്സ് എന്റർടൈനർ കൊതിക്കുന്നവർക്ക് തീർച്ചയായും വിസിൽ അടിച്ച് ബിഗിൽ ആസ്വദിക്കുവാൻ സാധിക്കും.