ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു 2014ൽ പുറത്ത് ഇറങ്ങിയ വെള്ളിമൂങ്ങ. ആദ്യാവസാനം പൊട്ടിച്ചിരിപ്പിച്ച ചിത്രം ആ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന സന്തോഷവാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജു മോനോനും സംവിധായകന് ജിബു ജേക്കബും താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. കഥയുടെ വളര്‍ച്ചയും മറ്റും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
‘മാമച്ചൻ’ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിന്റെ തിരക്കഥയിലെ വെള്ളിമൂങ്ങയില്‍ ബിജു മേനോൻ അഭിനയിച്ചത്. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു ‘മാമച്ചൻ’. ആസിഫ് അലി ‘വെള്ളിമൂങ്ങ’ ചിത്രത്തില്‍ അതിഥി താരവുമായി എത്തി.
മന്ത്രിയായ ‘മാമച്ചനെ’യാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബിജു മേനോന് ഒപ്പമുണ്ടായ താരങ്ങളും ‘വെള്ളിമൂങ്ങ’യുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 60 കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തു. അധികം പ്രതീക്ഷയൊന്നും ഇല്ലാതെ എത്തിയ ചിത്രം വൻവിജയം നേടി.