മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിരിക്കുന്നു എന്ന് അണിയറപ്രവർത്തകർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ ആകാംഷ നിറച്ചു കൊണ്ട് പുതിയൊരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അണിയറ പ്രവർത്തകർ ഒരുമിച്ച് നിന്ന് ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ സംഗീതത്തെ പറ്റിയുള്ള ചർച്ചകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കി ഗോപിസുന്ദർ രംഗത്തെത്തിയിരുന്നു.
ഫോട്ടോയിൽ സംവിധായകൻ അമൽ നീരദ്, എഴുത്തുകാരൻ ഉണ്ണി ആർ, സംഗീതജ്ഞൻ സുഷിൻ ശ്യം എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.